2009, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

ഷഷ്ഠി പുരാണം

ത്രിശൂര്‍ ജില്ലയിലെ മുല്ലശ്ശേരി എന്ന മനോഹരമായ ഗ്രാമം ആണ്‌ എന്റേത്‌. അവിടുത്തെ ഏറ്റവും വലിയ ഉത്സവം ആണ്‌ ഷഷ്ഠി മഹോല്‍സവം. നാനാദേശത്തുനിന്നും കാവടിയും നാദസ്വരവുമായി ലക്ഷക്കണക്കിന്‌ ആളുകളാണ്‌ ഞങ്ങളുടെ പ്രധാന അമ്പലമായ പറമ്പന്തള്ളി ശിവക്ഷേത്രത്തില്‍ എത്താറുള്ളത്‌. എന്റെ ചെറുപ്പത്തില്‍ ഒരു ഷഷ്ഠിയുടെ തലേന്ന് എനിക്കു പറ്റിയ ഒരു അമളിയാണ്‌ ഞാനിവിടെ കുറിക്കുന്നത്‌

ഷഷ്ഠി എന്നാല്‍ മനസ്സില്‍ ആദ്യം ഓടി എത്തുന്നത്‌ തകില്‍ വാദ്യവും നാദസ്വരവും കാവടിയാട്ടവും തിമിര്‍ത്താടുന്നതാണ്‌. ചെറുപ്പത്തില്‍ ഞങ്ങള്‍ കുട്ടികളെല്ലാം ഒരുമിച്ചുള്ള കാലം അന്നു തറവാട്ടിലായിരുന്നു കൊണ്ടാടിയിരുന്നത്‌. കൂട്ടത്തില്‍ മൂത്തവന്‍ ഞാനായിരുന്നത്‌ കൊണ്ട്‌ ഷഷ്ഠിദിവസം എനിക്ക്‌ യഥേഷ്ടം എവിടെ പോകാനും സ്വാതന്ത്ര്യമുണ്ട്‌.
തൊട്ടടുത്തുള്ള വളാരെ(വളാംകുളങ്ങരെ എന്നാണ്‌ ശരിയായ പേര്‍) അമ്പലത്തിലെ കാവടിസെറ്റ്‌ ആയിരുന്നു ഞങ്ങളുടെ സെറ്റ്‌. എന്റെ ഓര്‍മയില്‍ ഒന്നൊരണ്ടോ വട്ടം മാത്രമേ അവിടെ നിന്നു കാവടി കൊണ്ടു പോയിട്ടുള്ളൂ. അതും മുള്ളത്ത്‌ പോലീസുകാരന്‍ മോഹനേട്ടന്‍ ഉത്സാഹിച്ചതു കൊണ്ടു മാത്രം. സാധാരണ ഞാന്‍ അചഛ്ന്റെ അമ്പലത്തിലെ(എന്റെ അച്ഛന്റെ അല്ല കേട്ടൊ നാട്ടില്‍ എല്ലാവരും വിളിക്കുന്നത്‌ അങ്ങിനെയാണ്‌) സെറ്റിന്റെ കൂടെയാണ്‌ പോകാറുള്ളത്‌. കാരണം അതായിരുന്നു പിന്നെ ഏറ്റവും അടുത്ത്‌ ഉണ്ടായിരുന്ന സെറ്റ്‌. ആദ്യമായി വളാരെ അമ്പലത്തില്‍ കാവടിസെറ്റ്‌ കൊണ്ട്‌ പോകാന്‍ തീരുമാനിച്ചതിന്റെ ആഹ്ലാദം അന്നൊന്നും അടക്കാന്‍ കഴിഞ്ഞിരുന്നില്ല. ശരിക്കു പറഞ്ഞാല്‍ ഞങ്ങള്‍ അടുത്തുള്ളവര്‍ക്ക്‌ വിശ്വസിക്കാനെ പറ്റിയില്ല. പക്ഷെ ഷഷ്ഠിയുടെ തലേ ദിവസം വളാരെ അമ്പലത്തില്‍ കുറെ ആളുകള്‍ വന്ന് പുല്ലുചെത്തലും വൃത്തിയാക്കലും എല്ലാം കണ്ടപ്പോഴാണ്‌ സംഗതി സത്യം തന്നെ എന്നു മനസ്സിലായത്‌. ഉച്ചതിരിയുമ്പോഴേക്കും കാവടിയും മേളക്കാരും എല്ലാം എത്തി, പിന്നെ എന്നെ വീട്ടില്‍ തിരിയിട്ടു തിരഞ്ഞു നൊക്കിയിട്ടു കണ്ടിട്ടില്ല. നാദസ്വരത്തിന്റെ ശബ്ദം കേട്ടപ്പോഴേ ഞാനുത്സാഹക്കമ്മിറ്റിയില്‍ എത്തിയിരുന്നു..കാരണം വീട്ടില്‍ പറയാനോ മറ്റോ നിന്നാല്‍ താഴേയുള്ളവന്മാര്‍ എന്നെ ഒറ്റക്ക്‌ പോകാന്‍ സമ്മതിക്കില്ല. അവന്മാര്‍ കൂടെ കൂടിയാല്‍ പിന്നെ എന്റെ കട്ടപ്പൊക.. ഒരു സ്വാതന്ത്ര്യവും പിന്നെയുണ്ടാകില്ല അവരെ നോക്കി നടക്കണം .അതാണ്‌ മുങ്ങാന്‍ കാരണം.പിന്നീടങ്ങോട്ട്‌ എല്ലാ വീടുകളിലും കയറിയിറങ്ങലാണ്‌ ജോലി.. അന്നെല്ലാം അതിന്റെ മുന്നില്‍ നാദസ്വരം വായിക്കുന്നവരുടെ വായില്‍ നോക്കി ഞെളിഞ്ഞു നില്‍ക്കലാണ്‌ നമ്മുടെ മെയിന്‍ ഹോബി..

അന്നു രാത്രി എല്ലായിടത്തും കറങ്ങി അവസാനം അമ്പലത്തില്‍ തിരികെ എത്തിയശേഷം അവിടെ കുറേ നേരം പാട്ടും കൊട്ടും ഉണ്ടായിരുന്നു. അതിന്നിടയിലായിരുന്നു എനിക്ക്‌ ആ അബദ്ധം പിണഞ്ഞത്‌........... അമ്പലത്തില്‍ വന്നപ്പോള്‍ അവിടെ എല്ലാകൂട്ടുകാരും ഉണ്ടായിരുന്നു.വല്‍സന്‍,മനോജ്‌,ടെന്നി തുടങ്ങി എല്ലാകൂട്ടുകാരും കൂടെ കൂടിയപ്പോള്‍ പിന്നങ്ങോട്ട്‌ കലി കയറിയ മാതിരി ആയിരുന്നു ഡാന്‍സ്‌. കാവടിക്കാരുടെ കൂടെ നിന്ന് പല പോസില്‍ ഞങ്ങള്‍ നൃത്തം വെച്ചു. കാണാന്‍ വന്നിട്ടുള്ളതില്‍ പെമ്പിള്ളേരാണ്‌ കൂടുതല്‍... പിന്നത്തെകാര്യം പറയാനുണ്ടോ.. പല സ്റ്റയിലില്‍ ചുവടുകള്‍ വെച്ച്‌ ആട്ടം തന്നെ ആട്ടം..കൂടെ ആര്‍ത്തു വിളിച്ച്‌ ഉത്സാഹക്കമ്മിറ്റിയിലെ മുതിര്‍ന്നവരും ഉണ്ട്‌.. ഇടക്ക്‌ ഞാന്‍ ഒരു കാഴ്ചകണ്ട്‌ പുളകിതനായി കാരണം പോലീസുകാരന്‍ മൊഹനേട്ടന്‍ ഒരു പത്തിന്റെ നോട്ടുമായി എന്റെ നേര്‍ക്കു വരുന്നു..(സാധാരണ പരിസരബോധമില്ലാതെ ആടുന്നവര്‍ക്കു നോട്ട്‌ കുത്തിക്കൊടുക്കല്‍ അന്നു സാധാരണയാണ്‌..മാത്രമല്ല അന്നത്തെ പത്ത്‌ ഇന്നു ആയിരമാണ്‌) പിറ്റേ ദിവസത്തെ ഷഷ്ഠിക്ക്‌ ആ പത്ത്‌ രൂപകൊണ്ടൊരു ബജറ്റ്‌ തന്നെ ആ ഒരൊറ്റനിമിഷം കൊണ്ട്‌ ഞാന്‍ മനസ്സില്‍ പൂര്‍ത്തിയാക്കി വെച്ചു. പിന്നെ കണ്ണടച്ചു നിന്നുകൊണ്ട്‌ അന്നു വരെ ആരും കാണാത്ത സ്റ്റെപ്സുകളെടുത്ത്‌ തിമിര്‍ത്താടി..ഞാന്‍ മനസ്സില്‍ ഉദ്ദേശിച്ച ടൈമിങ്ങില്‍ തന്നെ ഷര്‍ട്ടില്‍ മോഹനേട്ടന്റെ വിരലുകളുടെ ടച്ചിംഗ്‌ ഞാനറിഞ്ഞു, ആ തിളങ്ങുന്ന പത്തിന്റെ നോട്ടില്‍ കയറി പറമ്പന്തള്ളിനട മുതല്‍ അമ്പലത്തിന്റെ ചുറ്റുമതില്‍ വരെ കച്ചവടത്തിനിരിക്കുന്നവരില്‍ നിന്നും ഷോപിംഗ്‌ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു എന്റെ മനസ്സ്‌ അപ്പോള്‍.
അങ്ങനെ അദ്ദേഹത്തിന്റെ സ്പര്‍ശനമകന്നു കഴിഞ്ഞപ്പോള്‍ എന്റെ കൂട്ടുകാര്‍ക്കാര്‍ക്കും കിട്ടാത്ത ആ മഹാ ഭാഗ്യം, സുന്ദരനായ ആ പത്തിന്റെ പടം ശരീരത്തില്‍ കിടന്നു വിലസുന്നത്‌ കാണുവാന്‍ ഞാന്‍ മെല്ലെ എന്റെ ഷര്‍ട്ടിലേക്കു നോക്കി... അവിടെ കണ്ടകാഴ്ച എന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു..എന്റെ ഹൃദയം നിന്നു പോയോ എന്നു വരെ ഞാന്‍ സംശയിച്ച്‌ പോയി.. എന്നെ സംബന്ധിച്ച്‌ അത്ര കഠോരമായിരുന്നു ആ കാഴ്ച..എന്റെ ഷര്‍ട്ടില്‍ നോട്ടിന്റെ പൊടിപോലുമില്ല എന്നു മാത്രമല്ല കുടുക്കു പൊട്ടിപ്പോയ സ്ഥലത്ത്‌ തുന്നി വെച്ചിരുന്ന സൂചിയും പോയിരിക്കുന്നു..മര്‍മ്മസ്ഥാനത്ത്‌ നിന്നുള്ള പിടി വിട്ടു പോയതുകൊണ്ടാകാം എന്റെ ഷര്‍ട്ടിന്റെ നിയന്ത്രണവും പോയി അവിടം തുറന്നു വെച്ചിരിക്കുന്ന ലേഡീസ്ബാഗ്‌ മാതിരിയായി...ഇതൊരു മാതിരി ചെയ്ത്തായിപ്പോയല്ലോ എന്നു നെടുവീര്‍പ്പിട്ടുകൊണ്ട്‌ ഒരു പുതിയതരം സ്റ്റെപ്പിലൂടെ തന്നെ തിരിഞ്ഞു മോഹനേട്ടനെ തിരഞ്ഞു.. അപ്പോഴാണ്‌ ഞാനാ കാഴ്ചകണ്ടത്‌ എന്റെ ഷര്‍ട്ടില്‍ നിന്നുമെടുത്ത സൂചികൊണ്ട്‌ പുള്ളിക്കാരന്‍ നാദസ്വരവിദ്ദ്വാന്റെ ഷര്‍ട്ടിലെ വള്ളിയില്‍ ആ പത്ത്‌ രൂപ കുത്തുന്നു..എന്തോ പോയ അണ്ണാന്റെ മാതിരി ഞാന്‍ നിന്നു..അന്നെടുത്ത സ്റ്റെപ്സ്‌ പിന്നെ എത്ര ശ്രമിച്ചിട്ടും പിന്നീട്‌ എനിക്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല...