ത്രിശൂര്‍ ജില്ലയിലെ മുല്ലശ്ശേരി എന്ന മനോഹരമായ ഗ്രാമം ആണ് എന്റേത്. അവിടുത്തെ ഏറ്റവും വലിയ ഉത്സവം ആണ് ഷഷ്ഠി മഹോല്‍സവം. നാനാദേശത്തുനിന്നും കാവടിയും നാദസ്വരവുമായി ലക്ഷക്കണക്കിന് ആളുകളാണ് ഞങ്ങളുടെ പ്രധാന അമ്പലമായ പറമ്പന്തള്ളി ശിവക്ഷേത്രത്തില്‍ എത്താറുള്ളത്. എന്റെ ചെറുപ്പത്തില്‍ ഒരു ഷഷ്ഠിയുടെ തലേന്ന് എനിക്കു പറ്റിയ ഒരു അമളിയാണ് ഞാനിവിടെ കുറിക്കുന്നത്
ഷഷ്ഠി എന്നാല്‍ മനസ്സില്‍ ആദ്യം ഓടി എത്തുന്നത് തകില്‍ വാദ്യവും നാദസ്വരവും കാവടിയാട്ടവും തിമിര്‍ത്താടുന്നതാണ്. ചെറുപ്പത്തില്‍ ഞങ്ങള്‍ കുട്ടികളെല്ലാം ഒരുമിച്ചുള്ള കാലം അന്നു തറവാട്ടിലായിരുന്നു കൊണ്ടാടിയിരുന്നത്. കൂട്ടത്തില്‍ മൂത്തവന്‍ ഞാനായിരുന്നത് കൊണ്ട് ഷഷ്ഠിദിവസം എനിക്ക് യഥേഷ്ടം എവിടെ പോകാനും സ്വാതന്ത്ര്യമുണ്ട്.
തൊട്ടടുത്തുള്ള വളാരെ(വളാംകുളങ്ങരെ എന്നാണ് ശരിയായ പേര്‍) അമ്പലത്തിലെ കാവടിസെറ്റ് ആയിരുന്നു ഞങ്ങളുടെ സെറ്റ്. എന്റെ ഓര്‍മയില്‍ ഒന്നൊരണ്ടോ വട്ടം മാത്രമേ അവിടെ നിന്നു കാവടി കൊണ്ടു പോയിട്ടുള്ളൂ. അതും മുള്ളത്ത് പോലീസുകാരന്‍ മോഹനേട്ടന്‍ ഉത്സാഹിച്ചതു കൊണ്ടു മാത്രം. സാധാരണ ഞാന്‍ അചഛ്ന്റെ അമ്പലത്തിലെ(എന്റെ അച്ഛന്റെ അല്ല കേട്ടൊ നാട്ടില്‍ എല്ലാവരും വിളിക്കുന്നത് അങ്ങിനെയാണ്) സെറ്റിന്റെ കൂടെയാണ് പോകാറുള്ളത്. കാരണം അതായിരുന്നു പിന്നെ ഏറ്റവും അടുത്ത് ഉണ്ടായിരുന്ന സെറ്റ്. ആദ്യമായി വളാരെ അമ്പലത്തില്‍ കാവടിസെറ്റ് കൊണ്ട് പോകാന്‍ തീരുമാനിച്ചതിന്റെ ആഹ്ലാദം അന്നൊന്നും അടക്കാന്‍ കഴിഞ്ഞിരുന്നില്ല. ശരിക്കു പറഞ്ഞാല്‍ ഞങ്ങള്‍ അടുത്തുള്ളവര്‍ക്ക് വിശ്വസിക്കാനെ പറ്റിയില്ല. പക്ഷെ ഷഷ്ഠിയുടെ തലേ ദിവസം വളാരെ അമ്പലത്തില്‍ കുറെ ആളുകള്‍ വന്ന് പുല്ലുചെത്തലും വൃത്തിയാക്കലും എല്ലാം കണ്ടപ്പോഴാണ് സംഗതി സത്യം തന്നെ എന്നു മനസ്സിലായത്. ഉച്ചതിരിയുമ്പോഴേക്കും കാവടിയും മേളക്കാരും എല്ലാം എത്തി, പിന്നെ എന്നെ വീട്ടില്‍ തിരിയിട്ടു തിരഞ്ഞു നൊക്കിയിട്ടു കണ്ടിട്ടില്ല. നാദസ്വരത്തിന്റെ ശബ്ദം കേട്ടപ്പോഴേ ഞാനുത്സാഹക്കമ്മിറ്റിയില്‍ എത്തിയിരുന്നു..കാരണം വീട്ടില്‍ പറയാനോ മറ്റോ നിന്നാല്‍ താഴേയുള്ളവന്മാര്‍ എന്നെ ഒറ്റക്ക് പോകാന്‍ സമ്മതിക്കില്ല. അവന്മാര്‍ കൂടെ കൂടിയാല്‍ പിന്നെ എന്റെ കട്ടപ്പൊക.. ഒരു സ്വാതന്ത്ര്യവും പിന്നെയുണ്ടാകില്ല അവരെ നോക്കി നടക്കണം .അതാണ് മുങ്ങാന്‍ കാരണം.പിന്നീടങ്ങോട്ട് എല്ലാ വീടുകളിലും കയറിയിറങ്ങലാണ് ജോലി.. അന്നെല്ലാം അതിന്റെ മുന്നില്‍ നാദസ്വരം വായിക്കുന്നവരുടെ വായില്‍ നോക്കി ഞെളിഞ്ഞു നില്‍ക്കലാണ് നമ്മുടെ മെയിന്‍ ഹോബി..
അന്നു രാത്രി എല്ലായിടത്തും കറങ്ങി അവസാനം അമ്പലത്തില്‍ തിരികെ എത്തിയശേഷം അവിടെ കുറേ നേരം പാട്ടും കൊട്ടും ഉണ്ടായിരുന്നു. അതിന്നിടയിലായിരുന്നു എനിക്ക് ആ അബദ്ധം പിണഞ്ഞത്........... അമ്പലത്തില്‍ വന്നപ്പോള്‍ അവിടെ എല്ലാകൂട്ടുകാരും ഉണ്ടായിരുന്നു.വല്‍സന്‍,മനോജ്,ടെന്നി തുടങ്ങി എല്ലാകൂട്ടുകാരും കൂടെ കൂടിയപ്പോള്‍ പിന്നങ്ങോട്ട് കലി കയറിയ മാതിരി ആയിരുന്നു ഡാന്‍സ്. കാവടിക്കാരുടെ കൂടെ നിന്ന് പല പോസില്‍ ഞങ്ങള്‍ നൃത്തം വെച്ചു. കാണാന്‍ വന്നിട്ടുള്ളതില്‍ പെമ്പിള്ളേരാണ് കൂടുതല്‍... പിന്നത്തെകാര്യം പറയാനുണ്ടോ.. പല സ്റ്റയിലില്‍ ചുവടുകള്‍ വെച്ച് ആട്ടം തന്നെ ആട്ടം..കൂടെ ആര്‍ത്തു വിളിച്ച് ഉത്സാഹക്കമ്മിറ്റിയിലെ മുതിര്‍ന്നവരും ഉണ്ട്.. ഇടക്ക് ഞാന്‍ ഒരു കാഴ്ചകണ്ട് പുളകിതനായി കാരണം പോലീസുകാരന്‍ മൊഹനേട്ടന്‍ ഒരു പത്തിന്റെ നോട്ടുമായി എന്റെ നേര്‍ക്കു വരുന്നു..(സാധാരണ പരിസരബോധമില്ലാതെ ആടുന്നവര്‍ക്കു നോട്ട് കുത്തിക്കൊടുക്കല്‍ അന്നു സാധാരണയാണ്..മാത്രമല്ല അന്നത്തെ പത്ത് ഇന്നു ആയിരമാണ്) പിറ്റേ ദിവസത്തെ ഷഷ്ഠിക്ക് ആ പത്ത് രൂപകൊണ്ടൊരു ബജറ്റ് തന്നെ ആ ഒരൊറ്റനിമിഷം കൊണ്ട് ഞാന്‍ മനസ്സില്‍ പൂര്‍ത്തിയാക്കി വെച്ചു. പിന്നെ കണ്ണടച്ചു നിന്നുകൊണ്ട് അന്നു വരെ ആരും കാണാത്ത സ്റ്റെപ്സുകളെടുത്ത് തിമിര്‍ത്താടി..ഞാന്‍ മനസ്സില്‍ ഉദ്ദേശിച്ച ടൈമിങ്ങില്‍ തന്നെ ഷര്‍ട്ടില്‍ മോഹനേട്ടന്റെ വിരലുകളുടെ ടച്ചിംഗ് ഞാനറിഞ്ഞു, ആ തിളങ്ങുന്ന പത്തിന്റെ നോട്ടില്‍ കയറി പറമ്പന്തള്ളിനട മുതല്‍ അമ്പലത്തിന്റെ ചുറ്റുമതില്‍ വരെ കച്ചവടത്തിനിരിക്കുന്നവരില്‍ നിന്നും ഷോപിംഗ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു എന്റെ മനസ്സ് അപ്പോള്‍.
അങ്ങനെ അദ്ദേഹത്തിന്റെ സ്പര്‍ശനമകന്നു കഴിഞ്ഞപ്പോള്‍ എന്റെ കൂട്ടുകാര്‍ക്കാര്‍ക്കും കിട്ടാത്ത ആ മഹാ ഭാഗ്യം, സുന്ദരനായ ആ പത്തിന്റെ പടം ശരീരത്തില്‍ കിടന്നു വിലസുന്നത് കാണുവാന്‍ ഞാന്‍ മെല്ലെ എന്റെ ഷര്‍ട്ടിലേക്കു നോക്കി... അവിടെ കണ്ടകാഴ്ച എന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു..എന്റെ ഹൃദയം നിന്നു പോയോ എന്നു വരെ ഞാന്‍ സംശയിച്ച് പോയി.. എന്നെ സംബന്ധിച്ച് അത്ര കഠോരമായിരുന്നു ആ കാഴ്ച..എന്റെ ഷര്‍ട്ടില്‍ നോട്ടിന്റെ പൊടിപോലുമില്ല എന്നു മാത്രമല്ല കുടുക്കു പൊട്ടിപ്പോയ സ്ഥലത്ത് തുന്നി വെച്ചിരുന്ന സൂചിയും പോയിരിക്കുന്നു..മര്‍മ്മസ്ഥാനത്ത് നിന്നുള്ള പിടി വിട്ടു പോയതുകൊണ്ടാകാം എന്റെ ഷര്‍ട്ടിന്റെ നിയന്ത്രണവും പോയി അവിടം തുറന്നു വെച്ചിരിക്കുന്ന ലേഡീസ്ബാഗ് മാതിരിയായി...ഇതൊരു മാതിരി ചെയ്ത്തായിപ്പോയല്ലോ എന്നു നെടുവീര്‍പ്പിട്ടുകൊണ്ട് ഒരു പുതിയതരം സ്റ്റെപ്പിലൂടെ തന്നെ തിരിഞ്ഞു മോഹനേട്ടനെ തിരഞ്ഞു.. അപ്പോഴാണ് ഞാനാ കാഴ്ചകണ്ടത് എന്റെ ഷര്‍ട്ടില്‍ നിന്നുമെടുത്ത സൂചികൊണ്ട് പുള്ളിക്കാരന്‍ നാദസ്വരവിദ്ദ്വാന്റെ ഷര്‍ട്ടിലെ വള്ളിയില്‍ ആ പത്ത് രൂപ കുത്തുന്നു..എന്തോ പോയ അണ്ണാന്റെ മാതിരി ഞാന്‍ നിന്നു..അന്നെടുത്ത സ്റ്റെപ്സ് പിന്നെ എത്ര ശ്രമിച്ചിട്ടും പിന്നീട് എനിക്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല...
2009, ഒക്‌ടോബർ 22, വ്യാഴാഴ്‌ച
2008, ഒക്‌ടോബർ 31, വെള്ളിയാഴ്‌ച
പുല്ലാംങ്കുഴലില്‍ ശിവരഞ്ജിനിയുടെ ഭാവങ്ങള്‍..
മനസ്സില്‍ തോന്നുന്നതെന്തൊക്കെയോ വായിക്കാന്‍ ശ്രമിച്ചു... പിന്നെ അതിനെ താളത്തിലൊതുക്കാന്‍ പണിപ്പെട്ടു അവസാനം ഈ പരുവം ആയി..
2008, ഒക്‌ടോബർ 27, തിങ്കളാഴ്ച
2008, ഒക്‌ടോബർ 24, വെള്ളിയാഴ്‌ച
2007, ഓഗസ്റ്റ് 8, ബുധനാഴ്ച
2006, ഡിസംബർ 28, വ്യാഴാഴ്‌ച
ഒരു ബ്ലോഗിന്റെ ജനനം
"ഹരെ ബായ് ആജ് ആപ് ജാത്താ നഹീ ഹെ" ശബ്ദം കേട്ട് തലയുയര്‍ത്തിയപ്പോള്‍ ഓഫിസിലെ ബോയി തൂലാറാം ആണ്. ഉച്ചക്ക് പന്ത്രണ്ട് മണി കഴിഞ്ഞാല്‍ പിന്നെ അടുത്ത മുപ്പതു മിനിട്ട് വാച്ചിലേക്കു നോക്കി സമയം കളയുന്ന അദ്ദേഹത്തിനു, അതിനു ശേഷം ഇരിപ്പിടത്തില്‍ നിന്നും എഴുന്നേല്‍കാത്ത ഓഫിസ് സ്റ്റാഫിനെ കണ്ടാല്‍ കലിയാണ്.എന്റെ ഈ ഇരുപ്പ് അവനെ അക്ഷമനാക്കിയിരിക്കയാണ്.അവന്റെ ചോദ്യത്തില്‍ നിന്നെനിക്കതു മനസ്സിലായി.ഇപ്പൊഴും പൂര്‍ത്തിയാകാത്ത ഐസൊമെട്ട്രി ഡ്രൊയിങ്ങിന്റെ പണിപ്പുരയിലായിരുന്ന ഞാന്‍ സമയം കടന്നു പോയിരുന്നതു അറിഞ്ഞിരുന്നില്ല. ഇനി ഇവിടെ ഇരുന്നാല്‍ ഞാന്‍ ഒരു ശത്രുവിനെകൂടി സമ്പാദിക്കേണ്ടി വരും.ഒരു ഓഫീസില്‍ മാനെജരേക്കാള്‍ പേടിക്കെണ്ടതു ടീബോയിയെ ആണ് എന്നതാണ് സത്യം. ചെയ്തുവെച്ചിരുന്ന പൂര്‍ത്തിയാകാത്ത ഡ്രൊയിംഗ് സേവു ചെയ്ത് കമ്പ്യൂട്ടര്‍ ഓഫ് ചെയ്ത് ഞാന്‍ എന്റെ ക്യാബിനില്‍ നിന്നും പുറത്തേക്കിറങ്ങി.എല്ലാ സ്റ്റാഫും പൊയ്കഴിഞ്ഞിരുന്നു അപ്പോഴാണ് ഞാന്‍ സമയം നോക്കിയത് പന്ത്രെണ്ട് മുപ്പെത്തെട്ട് ആയിരിക്കുന്നു തൂലാറാമിന്റെ മുഖത്ത് എന്നോടുള്ള നീരസം കാണാമായിരുന്നു."ഇയാള്‍ക്കിതു സമയത്ത് എഴുന്നേറ്റു പൊയ്കൂടെ" എന്നവന്‍ മനസ്സില്‍ ചോദിക്കുന്നുണ്ടായിരിക്കണം.അതു വക വെക്കാതെ ഞാന്‍ ടൈം ഷീറ്റില്‍ എന്റെ സമയം രേഖപ്പെടുത്തി പുറത്തെക്കിറങ്ങി.ഒരു നനുത്ത തണുത്ത കാറ്റ് എന്നെ തഴുകി കടന്നു പോയി ഖത്തറില്‍ തണുപ്പിന്റെ ആരംഭമാണ്.അപ്പോഴാണ് ഇന്നു വ്യാഴാഴ്ചയാണല്ലൊ എന്നകാര്യം ഒരു ആശ്വാസത്തോടെ ഓര്‍ത്തത് ഇനി ശനിയാഴ്ച ഇങ്ങൊട്ടു കെട്ടിയെടുത്താല്‍ മതിയല്ലൊ എന്ന ചിന്ത എന്നെ ഉത്സാഹഭരിതനാക്കി.പോക്കെറ്റില്‍ ചെറിയൊരു അനക്കം.ശ്രദ്ധിച്ചപ്പൊള്‍ മൊബെയിലില്‍ ഒരു മെസ്സേജ് വന്നതാണ്.അടുത്തുള്ള ഏതൊ ഒരു കെട്ടിടത്തിന്റെ കൊണ്‍ക്രീറ്റ് നടക്കുന്നതിനാല്‍ മൊബെയിലില്‍ നിന്നുള്ള ശബ്ദം അതില്‍ മുങ്ങിപ്പോയിരുന്നു.എടുത്തു നോക്കിയപ്പോള്‍ പുതിയ മെസ്സേജ് ഒന്നു വന്നുകിടക്കുന്നതു കണ്ടു.ഒരാഴ്ചയായി മൊബെയിലില്‍ സന്ദേശങ്ങളുടെ പൂരമാണ് ഏഷ്യന്‍ ഗയിംസിന്റെ പരസ്യങ്ങളാണ്.ഖത്തറില്‍ ആദ്യമായാണ് ഏഷ്യന്‍ ഗയിംസ് കൊണ്ടാടുന്നത് അതുകൊണ്ടു തന്നെ മറ്റുള്ളവരെ പരമാവധി ബുദ്ധിമുട്ടിക്കുക എന്നതാണ് ഈ ഗയിമിന്റെ വിജയത്തിനുള്ള ഏകവഴി എന്നാണ് ഇവിടത്തുകാര്‍ ധരിച്ചിരിക്കുന്നത് എന്നു തോന്നുന്നു.എവിടേക്കിറങ്ങിയാലും റൊഡുകള്‍ അടച്ചിട്ടിരിക്കയാണ്.നിരത്തിലിറങ്ങിയാല്‍ ടാക്സി കാത്ത് നില്‍കുന്നവരുടെ നീണ്ട നിര തന്നെ കാണാം ആരെയൊക്കെയൊ പ്രാകി സ്വയം പഴിക്കുന്ന പാവങ്ങള്‍.മൊബൈല്‍ എടുത്തു മസ്സാജ് ഡിലീട്ടു ചെയ്യാം എന്നുക് കരുതി നോക്കിയപ്പോള്‍ ഗയിംസിന്റെ പരസ്യമല്ല,നാട്ടില്‍ നിന്നും ഗ്രിഹിണിയുടെ സന്ദേശമാണ്'ആപല്‍ബാന്ധവനായ കൃഷണാ എന്താണാവൊ കളത്രം സന്ദേശവല്‍കരിചിരിക്കുന്നത്.പ്രാരാബ്ദങ്ങളുടെ ഗഡു അടയ്കാനുള്ള തീയ്യതി അടുത്തു എന്ന സന്ദേശമാകരുതെ' എന്ന പ്രാര്‍ത്ഥനയോടെ സന്ദേശം തുറന്നുനോക്കി.ആവൂ സമാധാനമായി പതിവു പ്രാരാബ്ദമല്ല മറിച്ച് അല്‍പം റൊമാന്റിക് ആണ് ഇന്ന്.വിരഹത്തിന്റെ വേദന ആവാഹിച്ചെഴുതിയ മംഗ്ലീഷിലുള്ള സന്ദേശം വായ്ച്ചെടുക്കാന്‍ അല്‍പം ബുദ്ധിമുട്ടിയെങ്കിലും വായിച്ചപ്പൊള്‍ ഹൃദയം റൊമാന്റിക് മൂഡില്‍ എത്തി.ഒരു വര്‍ഷം മുന്‍പ് നിഷ്കരുണം നാട്ടിലുപെക്ഷിച്ച് വിദേശത്തെക്കു കടന്ന് കളഞ്ഞ ജീവിതേശനോടുള്ള നീരസം വരികള്‍ക്കിടയില്‍ നിന്നു വായിച്ചെടുക്കാം. മറുപടിയും അതേമൂഡില്‍ തിരിച്ച് വിട്ടതിനു ശേഷമാണു അല്‍പം ആശ്വാസമായത്.തണുപ്പിനു ശക്തി കൂടിയോ എന്നൊരു സംശയം. എന്തായാലും സൂക്കിലേക്ക് വെച്ച് പിടിപ്പിക്കാം തണുപ്പില്‍ നിന്നും രക്ഷ നേടാന്‍ ഒരു ഓവര്‍ കോട്ടു വാങ്ങണം.ഉച്ചയുറക്കത്തിന്റെ സമയം ആകാറായി ഒരുമണിക്കു ശേഷം സൂക്കില്‍ ചെന്നിട്ട് ഒരു കാര്യവുമില്ല അതുകൊണ്ട് വണ്ടിയില്‍ കയറി പറത്തി വിട്ടു.വെറും ഒരു കിലോമീറ്ററിനുള്ളിലാണു മര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്.ഉച്ചയായത് കൊണ്ട് പര്‍കിംഗ് കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായില്ല.പെണ്‍കോളെജിനു മുന്നിലെ വായനോക്കി പൂവാലന്മരെ പോലെ ഞാന്‍ ഓരോ കടയുടെയും മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഓവര്‍കോട്ടുകളില്‍ നോക്കി നടന്നു എതിരെ വന്ന ഒന്നുരണ്ട് പേരെ ശാരീരിക താഡനമേല്‍പിച്ചെങ്കിലും എല്ലാം ഓരോ സോറികളില്‍ ഒതുക്കി മുന്നോട്ടു നടന്നു.ഒരുമണി ആകാന്‍ ഇനി അഞ്ചു മിനിട്ടു മത്രമെ ബാക്കിയുള്ളൂ ഇതുവരെ മനസ്സിനു പിടിച്ച ഒരെണ്ണം ഒത്തുവന്നില്ല. കടക്കാരെല്ലാം ഷട്ടര്‍ ഇടുവാനുള്ള ഒരുക്കത്തിലാണു. ഞാനാണെങ്കില്‍മനസ്സിനിണങ്ങിയ പെണ്ണന്ന്വേഷിച്ച് നടക്കുന്ന ഗല്‍ഫുകാരനെപ്പോലെ തലങ്ങും വിലങ്ങും നടന്നു ഒരു വഴിക്കായി.അവസാനം സൊഫിറ്റല്‍ ബില്‍ഡിങ്ങിനു താഴെയുള്ള ഒരു കടയില്‍ നിന്നും എനിക്കിഷ്ടപ്പെട്ട ഒരു മോഡല്‍ കിട്ടി.എന്റെ വണ്ടി പാര്‍കു ചെയ്തതിനു നെരെ എതിരെയുള്ള കടയായിരുന്നു അത്. വന്നിറങ്ങിയപ്പോള്‍ തന്നെ അവിടെ ഒന്നു കയറിയാലൊ എന്നാലൊചിച്ചതായിരുന്നു.എന്റെ ദേശഭക്തി എന്നെ പിറകൊട്ടു വലിച്ചതാണ് കാരണം അത് ഒരു ബംഗാളിയുടെ കടയായിരുന്നു. നമ്മള്‍ മുടക്കുന്ന പൈസ നമ്മുടെ നാട്ടുകാര്‍ക്കു കിട്ടിക്കൊട്ടെ എന്ന ചിന്തയാണ് എന്നെ ഈ ഗതിയാക്കിയത്.മുറിയില്‍ എത്തിയപ്പോള്‍ സമയം ഒന്ന് പത്ത് ആയി. സഹമുറിയന്‍ എത്തിയിട്ടുണ്ട് ഭ്ക്ഷണം കഴിക്കുന്ന തിരക്കിലാണ്.വസ്ത്രങ്ങളെല്ലാം മാറി കുളിമുറിയില്‍ പോയി ഒന്ന്ഫ്രഷ് ആയി തിരിച്ചെത്തി ഞാനും അദ്ദേഹത്തിന്റെ കൂടെ കൂടി.എല്ലാം കഴിഞ്ഞപ്പോള്‍ ഒന്നുറങ്ങാം എന്നുകരുതി കിടക്കയിലേക്കു വീണു.നിദ്രാദേവി കടാക്ഷിക്കാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ഓര്‍ത്തു രണ്ടു ദിവസമായി മെയില്‍ ചെക് ചെയ്തില്ലല്ലോ എന്ന് പിന്നെ താമസിച്ചില്ല കമ്പ്യൂട്ടര്‍ ഒാണ്‍ ചെയ്ത് മെയില്‍ ചെക്ക് ചെയ്തു.പുതിയ കുറെ പരസ്യങ്ങളുടെ മെയില്‍ അല്ലാതെ പ്രത്യേകിച്ച് ഒന്നും കണ്ടില്ല.പിന്നെ ഭൂലോഗങ്ങളില്‍ ഒന്നു കയറിയിറങ്ങിക്കളയാം എന്നു നിനച്ചു.അങ്ങനെ കുറുമാന്റെ ബ്ലോഗില്‍ ചെന്ന് പെട്ടു.കുറുമാന്റെ വെട്ടിക്കൂട്ടു വായിച്ചു കുറച്ചു ചിരിക്കാനുള്ള വക അതില്‍ നിന്ന് കിട്ടി.ചുമ്മാ വല്ലവരുടെയും ബ്ലോഗുകളില്‍ കയറി ഓസിനു കഥകള്‍ വായിക്കുക എന്നത് അടുത്തിടെ എനിക്ക് പിടിപെട്ട ഒരു വിനോദമാണ്.അങ്ങിനെ വായിച്ച് കുറെയായപ്പോള്‍ എനിക്കും ഒരു ബ്ലോഗ് തുടങ്ങിയാലോ എന്നൊരു തൊന്നല്‍.പിന്നങ്ങോട്ടു അതിനുള്ള ഭഗീരഥ പ്രയത്നമായിരുന്നു അവസാനം ഈയുള്ളവനും ഒരു ബ്ലോഗ് സ്വന്തം.പക്ഷെ എന്നിട്ടും പ്രശ്നം തീരുന്നില്ലല്ലോ ഇതില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യണ്ടെ എന്നാലല്ലെ നാലാള്‍ കയറാനിട വരൂ. എന്തെഴുതും എന്നാലോചിച്ചു പൂച്ച്ക്കു പൊന്നു കിട്ടിയ മാതിരി ഞാന്‍ ബ്ലൊഗും കയ്യില്‍ വെച്ചിരിപ്പായി.പേരിന് ഒരു പ്രേമലെഖനം പോലും എഴുതാത്ത ഞാന്‍ എന്തു കുന്തം എഴുതാനാ. അങ്ങിനെ അവസാനം ഈ ബ്ലൊഗ് തുടങ്ങാനുണ്ടായ സാഹചര്യം തന്നെ ആകട്ടെ ആദ്യം എന്ന് കരുതി മനസ്സില്‍ തൊന്നിയതെല്ലാം കുറിക്കുന്നു.സാഹിത്യലൊകത്ത് ഞാന്‍ ഒരു ചുക്കും അല്ലാത്തതു കൊണ്ട് എനിക്കാരെയും പേടിക്കാനില്ലാലോ.....
2006, ഡിസംബർ 21, വ്യാഴാഴ്‌ച
ഞാന്‍ പ്രസാദ്...
ത്രിശൂര്‍ ജില്ലയിലെ മുല്ലശ്ശേരി എന്ന മനോഹരമായ ഗ്രാമം.. കുന്നുകളും കനാലും കോള്‍പാട ശേഖരങ്ങളും കായലോരങ്ങളും പറങ്കിമാവിന്‍ തോപ്പുകളും തെങ്ങിന്‍ തോപ്പുകളും കവുങ്ങിന്‍ തോപ്പുകളും ഏല്ലാം തികഞ്ഞ എന്റെ ഗ്രാമം.കെ.ജി സത്താര്‍,മോഹന്‍സിതാര എന്നീ കലാകേരളത്തിന്റെ മുടിചൂടാമന്നന്മാര്‍ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയതു ഈ ഗ്രാമത്തില്‍ നിന്നാണു.മുജ്ജന്മ പാപമോ അതൊ മനുഷ്യ സഹജമായ ജീവിതസുഖങ്ങളോടുള്ള അത്യാഗ്രഹങ്ങളൊ... ഏതായാലും ആ മനൊഹരമായ തീരത്തുനിന്നു മരുഭൂമികളിലെക്കു പറിച്ച് നടപ്പെട്ട അനെകായിരം പ്രവാസികളില്‍ ഓരുവന്‍..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)